പഠനം ജീവിതം ചില പാഠങ്ങൾ

പളുങ്കുപാത്രം പോലെ നിർമലമായ മനസ്സാണ് കുഞ്ഞുങ്ങളുടേത്. ചെറിയൊരു അശ്രദ്ധ ആ പളുങ്കു പാത്രത്തിൽ മായാത്ത പോറലുണ്ടാക്കും. കുഞ്ഞുമനസ്സുകളെ വേദനിപ്പിക്കാതെ അവരെ നല്ല വഴിക്ക് കൊണ്ടുവരാൻ നിരവധി മാർഗങ്ങളുണ്ട്. പക്ഷേ പലരും അതേകുറിച്ച് ബോധവാന്മാരല്ല. കുട്ടികളിലെ പഠനവൈകല്യങ്ങളും സ്വഭാവവൈകല്യങ്ങളും തിരിച്ചറിയാൻ കഴിയുന്നത് മാതാപിതാക്കൾക്കാണ്. ഇവരാകട്ടെ കുട്ടികളുടെ ഉപരിപഠനത്തിനുള്ള സമ്പാദ്യം ഇപ്പോഴേ സ്വരുക്കൂട്ടി വയ്‌ക്കുവാനുള്ള തിരക്കിലും. ഭാവിയിൽ ആരോഗ്യമുള്ള മനസ്സും ശരീരവും കുട്ടിക്കില്ലാതെ വന്നാൽ ഇവരെന്ത് ചെയ്യും. പരിതാപകരമായ ഈ അവസ്ഥയിൽ നിന്ന് കുട്ടികളെയും മാതാപിതാക്കളെയും കരകയറ്റാൻ മാതൃഭൂമി ഗൃഹലക്ഷ്‌മി വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും സെമിനാർ നടത്തി. സെമിനാറിൽ മൈത്രി സമാഗതയും ഡോ. ഗിരിജാ ബാലഗോപാലും ക്ലാസുകളെടുത്തു.
രാമവർമപുരം ഗവൺമെന്റ് യു.പി.സ്‌കൂളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടി നടത്തിയ സെമിനാറിൽ പങ്കെടുത്ത എല്ലാവർക്കും പറയാനുള്ളതും ഇതുതന്നെയായിരുന്നു. കുട്ടികൾ പറഞ്ഞാൽ കേൾക്കുന്നില്ല, പഠിക്കുന്നതൊന്നും ഓർത്തുവെക്കുന്നില്ല ... തുടങ്ങി മാതാപിതാക്കൾക്ക് പറയാൻ നൂറല്ല കാര്യങ്ങൾ. വിദ്യാർത്ഥികൾക്കും പറയാനുള്ളത് ഓർമകുറവിനെ കുറിച്ച്.
അടങ്ങിയിരിക്കാനറിയാത്ത ബാല്യത്തിന്റെ വികൃതികളെ മനസ്സിലാക്കാനും കൂട്ടുകാരെപ്പോലെ പെരുമാറാനും മാതാപിതാക്കൾക്ക് കഴിയണം. അക്ഷരത്തെറ്റുകളും ഓർമ്മക്കുറവും തല്ലിനികത്താൻ നോക്കാതെ കാരണം കണ്ടെത്തുകയാണ് ചെയ്യേണ്ടത്. ചെറുപ്പത്തിൽ കുട്ടികൾക്കുണ്ടാകുന്ന വീഴ്‌ചകൾ അവരുടെ തലച്ചോറിനെവരെ ബാധിക്കാം. ഇത് പഠന വൈകല്യങ്ങളുണ്ടാക്കുകയും ചെയ്യും. അവരുടെ ഉറക്കം, ഓർമ, ഏകാഗ്രത എന്നിവ ശ്രദ്ധിച്ചാൽ അപാകങ്ങൾ മനസ്സിലാക്കാം. കമ്പ്യൂട്ടറിന്റെ അമിത ഉപയോഗവും മാതാപിതാക്കൾ ശ്രദ്ധിക്കണം. കൃത്യമായ പഠനരീതികളും ചിട്ടയുള്ള ജീവിതവും പഠിപ്പിക്കേണ്ടതും അവർ തന്നെയാണ്. വൃത്തിയും വെടിപ്പുമുള്ള വസ്‌ത്രധാരണവും സമീകൃത ആഹാരവും കുട്ടികളുടെ മാനസിക - ശാരീരിക ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
മറവിയാണ് കുട്ടികളെ അലട്ടുന്ന പ്രധാന പ്രശ്നം. എത്ര പഠിച്ചിട്ടും കാര്യമില്ലെന്നാണിവർ പറയുന്നത്. ഏകാഗ്രതയോടെ പഠിക്കാനുള്ള മാർഗനിർദേശങ്ങളും ഓർമിക്കുവാനുള്ള എളുപ്പവഴികളും കുട്ടികൾക്ക് ഏറെ സഹായമായി. വ്യക്തിഗത കൗൺസലിങ് കുട്ടികളെ കൂടുതൽ സഹായിക്കുമെന്ന് സെമിനാർ നടത്തിയ മൈത്രി സമാഗത പറഞ്ഞു. വിദ്യാർത്ഥികളുടെ കുറവുകളും കുറ്റങ്ങളും ചിലപ്പോൾ അടുത്ത കൂട്ടുകാർക്കായിരിക്കും മാറ്റിയെടുക്കാൻ കഴിയുക. ആരോഗ്യമുള്ള മനസ്സോടെയുള്ള ഭാവിതലമുറയെ വാർത്തെടുക്കാൻ വിദ്യാർത്ഥികളും അധ്യാപകരും സമൂഹവും ഒത്തൊരുമിച്ച് പ്രയത്നിക്കണം.
- മാതൃഭൂമി നഗരം - 2011 ജൂലായ് 23 ശനിയാഴ്ച്ച
മാനസിക രോഗങ്ങൾ : സത്യവും മിഥ്യയും

മാനസികരോഗം എന്ന് കേള്‍ക്കുമ്പോഴേ മുഖംതിരിക്കുന്ന, പരിഷ്‌കൃതരെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സമൂഹത്തിന്റെ ഈ നിലപാടുമൂലം മാനസികരോഗമുള്ളവരും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന വിഷമങ്ങള്‍ വിവരണാതീതമാണ്. മാനസികരോഗങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധവത്കരണത്തിലൂടെ മാത്രമേ ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ കഴിയുകയുള്ളൂ.
സാധാരണയായി കാണപ്പെടുന്ന മാനസിക രോഗങ്ങള്‍
സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, വിഷാദരോഗം, പലതരത്തിലുള്ള അമിതമായ ഉത്കണ്ഠകള്‍, ഒബ്‌സസ്സീവ് കംപള്‍സ്സീവ് ഡിസോഡര്‍ എന്നിവയാണ് വളരെ സാധാരണയായി കണ്ടുവരുന്ന മാനസിക രോഗങ്ങള്‍. സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍ എന്നീ അസുഖങ്ങള്‍ നൂറില്‍ ഒരാള്‍ക്ക് വീതം കാണപ്പെടുന്നു. അമിതമായ ഉത്കണ്ഠ നൂറില്‍ 10 മുതല്‍ 15 വരെ ആളുകളില്‍ കാണപ്പെടുന്നു. ഒബ്‌സസ്സീവ് കംപള്‍സ്സീവ് ഡിസോഡര്‍ നൂറില്‍ 2-3 ആളുകള്‍ക്ക് കാണപ്പെടുന്നു. ശരിയായ രീതിയില്‍ കണക്കാക്കുകയാണെങ്കില്‍ ഏകദേശം 20 ശതമാനം (അഞ്ചില്‍ ഒരാള്‍) ജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസികരോഗം ഉണ്ട്. കേരളത്തിലെ കണക്ക് എടുക്കുകയാണെങ്കില്‍ 50 ലക്ഷത്തോളം ജനങ്ങള്‍ക്ക് ചികിത്സ ആവശ്യമായ രീതിയിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ട്.
ആര്‍ക്കെല്ലാം മാനസികരോഗം ഉണ്ടാകാം
മാനസികരോഗം സമൂഹത്തിലെ ഏതൊരാള്‍ക്കും വരാം. മന:ശക്തി ഇല്ലാത്തവര്‍ക്കാണ് മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നത് എന്നത് തെറ്റിദ്ധാരണ മാത്രമാണ്. ഏത് പ്രായത്തിലുള്ളവര്‍ക്കും ആണ്‍, പെണ്‍ ഭേദമെന്യേ മാനസികരോഗം കാണപ്പെടുന്നു. സാമ്പത്തിക സ്ഥിതിയുടെയോ ബുദ്ധിപരമായ കഴിവിന്റെയോ അടിസ്ഥാനത്തില്‍ മാനസിക രോഗങ്ങള്‍ കാണപ്പെടുന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്റ് ചര്‍ച്ചില്‍ ഒരു സ്‌കീസോഫ്രീനിയ രോഗിയായിരുന്നു. വിശ്വവിഖ്യാത ചിത്രകാരന്‍ വാന്‍ഗോഗ് ബൈപോളാര്‍ രോഗിയായിരുന്നു.
കാരണങ്ങള്‍
മാനസികരോഗങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്നതിനെപ്പറ്റി വളരെയധികം മിഥ്യാധാരണകള്‍ നിലവിലുണ്ട്. രോഗിയോ കുടുംബത്തിലുള്ളവരോ ചെയ്ത ദുഷ്പ്രവൃത്തികളുടെ അനന്തരഫലമാണ് മാനസികരോഗം എന്ന് വിശ്വസിക്കുന്ന ഒട്ടനവധി പേര്‍ നമുക്കിടയിലുണ്ട്. പ്രേതബാധയെന്നോ പിശാചിന്റെ ഉപദ്രവമെന്നോ ഇതിനെ കരുതുന്നവരുമുണ്ട്. ശത്രുക്കള്‍ ചെയ്ത മന്ത്രവാദത്തിന്റെ (കൂടോത്രം) ഫലമാണ് ഇത് എന്ന് കരുതുന്നവരുമുണ്ട്. എന്റെ കുട്ടിക്ക് അസുഖം ഒന്നും ഉണ്ടായിരുന്നില്ലെന്നും വിവാഹ ശേഷമാണ് രോഗം പിടിപെട്ടത് എന്നും പറഞ്ഞ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവരും കുറവല്ല. എന്നാല്‍, സത്യം ഇതില്‍നിന്ന് വളരെ വ്യത്യസ്തമാണ്. തലച്ചോറിലെ നാഡികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ചിലതരം രാസപദാര്‍ഥങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനമാണ് മാനസികരോഗത്തിനുള്ള കാരണം. ഓരോ മാനസിക രോഗത്തിലും തലച്ചോറിന്റെ ഏത് ഭാഗമാണ് തകരാറിലായിരിക്കുന്നതെന്നും ഏത് രാസപദാര്‍ഥത്തിന്റെ അളവിലാണ് വ്യതിയാനം ഉണ്ടായിരിക്കുന്നതെന്നും ഇന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. രാസപദാര്‍ഥങ്ങളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളുടെ യഥാര്‍ഥ കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും ജനിതകവും ജീവശാസ്ത്രപരവും സാമൂഹികവും പാരിസ്ഥിതികവുമായ പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മാനസിക അസ്വാസ്ഥ്യം പാരമ്പര്യരോഗമാണോ?
കുടുംബത്തിലെ ആര്‍ക്കെങ്കിലും മനസികരോഗമുണ്ടെങ്കില്‍ മറ്റ് കുടുംബാംഗങ്ങള്‍ക്ക് (രക്തബന്ധമുള്ളവര്‍ക്ക്) രോഗം വരുന്നതിനുള്ള സാധ്യത അല്പം കൂടുതലാണ് എന്നല്ലാതെ അസുഖം വരണമെന്ന് നിര്‍ബന്ധമില്ല. അച്ഛനും അമ്മയ്ക്കും അസുഖമുണ്ടെങ്കില്‍പ്പോലും എല്ലാ കുട്ടികള്‍ക്കും അസുഖം ഉണ്ടാകണമെന്നില്ല. പല തലമുറകളായി അസുഖം ഇല്ലാത്ത കുടുംബങ്ങളില്‍പ്പോലും ഇവ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അസുഖം വരാനുള്ള കാരണങ്ങളില്‍ ഒന്നുമാത്രമാണ് പാരമ്പര്യം. ചുരുക്കത്തില്‍ പറഞ്ഞാല്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും അസുഖം ഉണ്ടെങ്കില്‍ അസുഖം വരണമെന്നോ അസുഖം ഇല്ലാത്തതുകൊണ്ട് അസുഖം വരാതിരിക്കണമെന്നോ ഇല്ല.
എല്ലാ മാനസികരോഗികളും അക്രമാസക്തരാണോ?
രോഗികളില്‍ ഒരുശതമാനം പോലും അക്രമാസക്തരല്ല. ശരിയായ രീതിയിലുള്ള ചികിത്സ ലഭിക്കാത്ത കുറച്ചുപേര്‍ യാദൃച്ഛികമായി അക്രമാസക്തരാകുന്നതൊഴിച്ചാല്‍ ഭൂരിഭാഗം മാനസികരോഗികളും അക്രമവാസന ഉള്ളവരല്ല.
രോഗനിര്‍ണയം എങ്ങനെ?
മാനസിക രോഗങ്ങള്‍ കൃത്യമായി കണ്ടുപിടിക്കുന്നതിന് മറ്റ് അസുഖങ്ങളെപ്പോലെ രക്ത പരിശോധനയോ ടെസ്റ്റുകളോ ഇല്ല. രോഗിയില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളിലൂടെയും ഡോക്ടര്‍ നടത്തുന്ന പരിശോധനയിലൂടെ എത്തിച്ചേരുന്ന നിഗമനങ്ങളിലൂടെയും മാത്രമേ രോഗനിര്‍ണയം നടത്താന്‍ സാധിക്കുകയുള്ളൂ. ഭൂരിഭാഗം മാനസിക രോഗികളുടെയും തലച്ചോറില്‍ സ്‌കാനിങ് കൊണ്ട് കണ്ടുപിടിക്കാന്‍ കഴിയുന്ന കുഴപ്പങ്ങളൊന്നും കാണാറില്ല.
ചികിത്സാ രീതികള്‍
രണ്ടുതരത്തിലുള്ള ചികിത്സാരീതികളാണ് നിലവിലുള്ളത്; മരുന്നുകളും സൈക്കോതെറാപ്പിയും. ഭൂരിഭാഗം അസുഖങ്ങളും ചികിത്സിക്കുന്നതിന് മരുന്നുകള്‍ അത്യാവശ്യമാണ്. സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍ എന്നിവ മരുന്നുകളില്ലാതെ സുഖപ്പെടുത്തുവാന്‍ സാധിക്കുകയില്ല. ചെറിയ തോതിലുള്ള ഒ.സി.ഡി., അമിതമായ ഉത്കണ്ഠ എന്നിവ സൈക്കോ തെറാപ്പി മൂലം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കുട്ടികളില്‍ കാണപ്പെടുന്ന പെരുമാറ്റദൂഷ്യങ്ങള്‍, പഠനവൈകല്യങ്ങള്‍ എന്നിവയ്ക്ക് സൈക്കോളജിസ്റ്റിന്റെ സഹായം ആവശ്യമാണ്.
Originally published in the Mathrubhumi Sunday Supplement dated Oct 9, 2011
Mental health and Mental Illnesses

There is more to good health than just a physically healthy body. A healthy person should also have a healthy mind. A person with a healthy mind should be able to think clearly, should be able to solve the various problems faced in life, should enjoy good relations with friends, colleagues at work and family, and should feel spiritually at ease and bring happiness to others in the community. There is much more, but if these aspects are taken care of, the individual can be considered to possess good mental health.
Even though we talk about the mind and body as if they were separate, in reality they are like two sides of the same coin. They share a great deal with each other, but present a different face to the world around us. If one of the two is affected in any way, then the other will almost certainly also be affected. Just because we think about the mind and body separately, it does not mean that they are independent of each other.
Just as the physical body can fall ill, so too can the mind. This can be called mental illness. Mental illness is "any illness experienced by individuals which affects their emotions, thoughts or behaviour, which is out of keeping with their cultural beliefs and personality, and is producing a negative effect on their lives or the lives of their families".
It is estimated that one in five of all adults will experience a mental health problem in their lifetime. This shows how common mental health problems are. Anyone can suffer a mental health problem. Studies from nearly every corner of the world show that as much as 40% of all adults attending general health care services are suffering from some kind of mental illness. The World Health Report from the World Health Organization in 2001 found that four out of the ten most disabling conditions in the world were mental illnesses.
There are many people in the society who live with different mental illnesses without getting treatment because of lack of awareness about these illnesses. Mental health problems are very well treatable if you seek medical help in the beginning.
In this context we are starting a blog to increase the awareness of mental illness in the general population and to discuss and clarify the doubts of the common man.
We will be discussing about all mental illnesses but will start with problems affecting the children. After discussing the common problems in children, we would be discussing the problems affecting the adult population.
The blog will be managed by Dr. Sam P J, who is the Chief Consultant in Psychological Medicine at Innervision. A young and dedicated psychiatrist settled in Thrissur, Kerala, Dr. Sam has done his MD in Psychiatry from the prestigious National Institute of Mental Health and Neurosciences (NIMHANS), Bangalore. He is well-versed in managing children with different kinds of psychological problems, substance abuse disorders and psychological problems in the elderly. Currently, he works as the Chief Consultant Psychiatrist at Elite Mission Hospital, Thrissur and Assistant Professor of Psychiatry in a private Medical College (CAIMS, Andhra Pradesh). He also works with the Autism School, Thrissur. Currently, he holds the post of the Assistant Editor of a famous Indian psychiatry journal, Indian Journal of Psychological Medicine. He is the Secretary of Indian Psychiatry Association, Thrissur Branch and Behavioural Neurosciences Club of Thrissur.
Dr. Sam P J
MBBS, MD Psy. (NIMHANS)
Chief Consultant in Psychological Medicine,
Innervision Institute for Counselling & Psychotherapy,
SKVC Road, Chungam, Ayyanthole P.O., Thrissur, Kerala
Chief Consultant Psychiatrist,
Elite Mission Hospital, Thrissur
Assistant Professor of Psychiatry
CAIMS, Andhra Pradesh
Assistant Editor
Indian Journal of Psychological Medicine
Consultant Child Psychiatrist,
Centre for Children with Autism, Chembookavu, Thrissur
(Kerala State Council for Child Welfare Society)
Secretary,
Indian Psychiatry Society, Thrissur Branch
Secretary,
The Behavioural Neurosciences Club, Thrissur
പരീക്ഷപ്പേടി വേണ്ട

പരീക്ഷക്കാലം കുട്ടികൾക്കും മാതാപിതാക്കൾക്കും സമ്മർദ്ദത്തിന്റെ കാലമാണ്. ആശങ്കകളും പിരിമുറുക്കവും പരീക്ഷ നന്നായി എഴുതുന്നതിന് തടസ്സമാകുന്നുണ്ടോ? പരീക്ഷയെച്ചൊല്ലി ആധി പിടിക്കുന്നവർക്കായി ഇതാ ചില നിർദേശങ്ങൾ.
- പരീക്ഷയെ "നേരിടുകയല്ല" - ശത്രുക്കളെയാണ് നാം നേരിടുന്നത്. കൃത്യമായി അടുക്കും ചിട്ടയോടും കൂടി തയ്യാറെടുത്ത വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം പരീക്ഷ ഒരു സുഹൃത്താണ്.
- "എന്നെ തോൽപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ ഉള്ള ഒരേർപ്പാടാണ് പരീക്ഷ" എന്ന തോന്നൽ ഒഴിവാക്കുക. പഠിച്ച കാര്യങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരവസരമായി പരീക്ഷയെ കാണുക.
- ഒരു പരീക്ഷയും ഒരവസാനവാക്ക് അല്ല. പരീക്ഷകൾ ജീവിതത്തിൽ വന്നുകൊണ്ടേയിരിക്കുന്നു, ക്ലാസ് മുറികൾക്കുള്ളിലാണെങ്കിലും വെളിയിലാണെങ്കിലും. അതുകൊണ്ട് ഒരു പരീക്ഷയെയും കുറിച്ച് ഭീതിപ്പെടേണ്ട കാര്യമില്ല.
- "അറിയില്ല, പഠിച്ചു കഴിഞ്ഞില്ല" എന്നു പറഞ്ഞ് ഒരിക്കലും ഒരു പരീക്ഷയും ഒഴിവാക്കരുത്. അങ്ങനെ ചെയ്യുന്നത് നമ്മുടെ ഒളിച്ചോട്ട മനോഭാവം കൂട്ടുകയേ ഉള്ളൂ. ഓരോ പരീക്ഷ എഴുതിക്കഴിയുമ്പോഴും നാം മാനസികമായി കൂടുതൽ ശക്തരും ധൈര്യമുള്ളവരുമായി തീരുന്നു.
- പഠിക്കാനിരിക്കുന്നതിന് തൊട്ടുമുൻപ് രണ്ടു മിനിറ്റ് കണ്ണടച്ചിരിക്കുക. ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്‌ത് ശിരസ്സ് മുതൽ പാദം വരെ മനസ്സുകൊണ്ട് സ്‌നേഹത്തോടെ ഒന്ന് തലോടുക.ശരീരവും മനസ്സും പരിപൂർണ്ണമായ വിശ്രമാവസ്ഥയിലാണെന്ന് സ്വയം പറയുക. ഇത് നമ്മുടെ തലച്ചോറിനെ ആൽഫ തലത്തിലെത്തിക്കാൻ സഹായിക്കുന്നു. (നമ്മുടെ തലച്ചോറ് 8 മുതൽ 13.9 H2 എന്ന തരംഗ ദൈർഘ്യത്തിലെത്തുന്ന അവസ്ഥയാണ് ആൽഫ). ആൽഫ തലത്തിലാണ് നമുക്കേറ്റവും എളുപ്പത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പഠിക്കാൻ കഴിയുന്നത്.
- ആൽഫ തലത്തിലെത്തിയതിന് ശേഷം സ്വയം മനസ്സിൽ പറയുക - "ഞാൻ മിടുക്കനാണ്, മിടുക്കിയാണ്. എനിക്ക് നല്ല ബുദ്ധിശക്തിയുണ്ട്, ഓർമ്മ ശക്തിയുണ്ട്, ആത്മവിശ്വാസമുണ്ട്. നാളത്തെ പരീക്ഷക്കുള്ള എല്ലാ പാഠഭാഗങ്ങളും ഞാൻ നല്ല പോലെ പഠിച്ചു കഴിഞ്ഞിരിക്കുന്നു. ഈ വിഷയത്തോട് എനിക്ക് നല്ല ഇഷ്ടമാണ്. ഈ വിഷയം എനിക്ക് വളരെ എളുപ്പമാണ്. ഒരു തവണ കൂടി വായിച്ചുനോക്കുന്നതോടെ പഠിച്ച എല്ലാ കാര്യങ്ങളും എനിക്കൊന്നുകൂടി ഉള്ളിൽ ഉറപ്പു വരുന്നതും പരീക്ഷയ്ക്ക് വളരെ മനോഹരമായി എഴുതാനും നല്ല മാർക്ക് വാങ്ങാനും കഴിയുന്നതാണ്. - ഇങ്ങനെ മനസ്സിൽ സ്വയം നിർദ്ദേശം കൊടുത്തശേഷം പഠനം ആരംഭിക്കുന്നത് "ഞാൻ തോറ്റുപോകുമോ" എന്നുള്ള അശുഭചിന്തകളെ അകറ്റാനും, മനസ്സിനെ ശാന്തവും ഏകാഗ്രവുമാക്കി ആത്മവിശ്വാസത്തോടെ പഠിക്കാനും സഹായിക്കും. പരീക്ഷാ ഹാളിലെ കൂൾ ഓഫ് ടൈമിലും ഈ രീതി അവലംബിക്കാം.
- കഴിവതും തലേ ദിവസവും പരീക്ഷയ്ക്ക് തൊട്ടുമുൻപും പുതിയ വിഷയങ്ങൾ പഠിക്കുന്നത് ഒഴിവാക്കുക. പഠിച്ചു കഴിഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ഓടിച്ചു നോക്കുന്നതായിരിക്കും ഫലപ്രദം.
- കിടക്കുന്നതിന് തൊട്ടുമുൻപ് അതുവരെ പഠിച്ച കാര്യങ്ങൾ ഒന്ന് കൂടി ഓടിച്ചുനോക്കുക. ഒരിക്കലും പഠിച്ചുകഴിഞ്ഞ ശേഷം കിടക്കുന്നതിന് മുൻപ് ടി.വി. കാണുകയോ കംപ്യുട്ടറിന് മുന്നിൽ ഇരിക്കുകയോ ചെയ്യരുത്. ഇത് അതുവരെ പഠിച്ചത് മറക്കാനേ സഹായിക്കൂ. അതേപോലെ ഉണർന്ന ഉടനെ തലേദിവസം പഠിച്ച കാര്യങ്ങൾ ഒന്നുകൂടി മറിച്ചുനോക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഈ പാഠഭാഗങ്ങൾ വളരെ പ്രാധാന്യത്തോടെ നമ്മുടെ തലച്ചോർ എടുത്ത് വയ്‌ക്കുന്നതിനും, പരീക്ഷയ്ക്ക് എളുപ്പത്തിൽ ഓർത്തെഴുതുന്നതിനും സഹായിക്കും.
- പരീക്ഷയ്ക്ക് മുൻപുള്ള രാത്രി ഏറ്റവും കുറഞ്ഞത് അഞ്ചു മണിക്കൂറെങ്കിലും നന്നായി ഉറങ്ങുക. കാരണം ആവശ്യത്തിന് വിശ്രമം കിട്ടിയ തലച്ചോറിന് മാത്രമേ നമ്മെ പരീക്ഷയിൽ സഹായിക്കാൻ കഴിയൂ.
- നിർബന്ധമായും പ്രഭാതഭക്ഷണം കഴിക്കുക. പ്രഭാതഭക്ഷണം പരീക്ഷയെഴുതാനുള്ള ഊർജ്ജത്തിന് അത്യന്താപേക്ഷിതമാണ്.
- ആവശ്യമെങ്കിൽ അമ്മമാർ പഠിക്കുന്ന സമയത്ത് കുട്ടികളോടൊപ്പം ഇരിക്കുക. ഇത് ചില കുട്ടികൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായകമാകും.
- പരീക്ഷാദിവസങ്ങളിൽ കഴിവതും വീട്ടിൽ ടി.വി.യും മറ്റും ഒഴിവാക്കുക; അച്ഛനമ്മമാർ തമ്മിലുള്ള വഴക്കുകളും !
- സമ്മർദ്ദം കാരണം ചില കുട്ടികൾ നേരിയ വിഷാദരോഗത്തിന്റേയോ അമിത ഉത്കണ്ഠയുടെയോ ലക്ഷണങ്ങൾ കാണിച്ചേക്കാം. "ഞാനപ്പോഴേ പറഞ്ഞില്ലേ പഠിച്ചില്ലെങ്കിൽ അവസാനം ഗതി ഇതായിരിക്കുമെന്ന്" എന്ന് ശാസിച്ച് അവരുടെ ഉള്ള ആത്മവിശ്വാസം കൂടി കുറയ്‌ക്കാതിരിക്കുക. അത്യാവശ്യമെങ്കിൽ കൗൺസലറുടെ സഹായം തേടാം.
- ഒരിക്കലും അവരുടെ പിന്നാലെ നടന്ന് "ഇനിയും പഠിച്ച് കഴിഞ്ഞില്ലേ? ഞാനിവനെക്കൊണ്ട് എന്ത് ചെയ്യും" എന്ന് പറഞ്ഞ് അവരുടെ ഉത്കണ്ഠയെ കൂട്ടാതിരിക്കുക.
- നമ്മുടെ സ്വാഭാവികമായ ശ്രദ്ധാശേഷിയും ഏകാഗ്രതയും 20 മിനിറ്റ് മുതൽ അര മണിക്കൂർ വരെ മാത്രം നീണ്ടു നിൽക്കുന്നതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അത് കൊണ്ട് പഠനത്തിനിടയിൽ രണ്ട് മിനിറ്റ് വീതമുള്ള വിശ്രമവേളകളെടുത്ത് ശരീരത്തെയും മനസ്സിനേയും ശാന്തമാക്കിയ ശേഷം പഠനം പുനരാരംഭിക്കാം.
ഹാളിൽ
- പരീക്ഷാ ഹാളിന് വെളിയിൽ നിന്ന് കൂട്ടുകാരോട് വെപ്രാളത്തോടെ "അത് പഠിച്ച് കഴിഞ്ഞോ, ഇത് പഠിച്ച് കഴിഞ്ഞോ" എന്ന് ചോദിക്കുന്നതിന് പകരം, പഠിച്ചു കഴിഞ്ഞ ഭാഗങ്ങൾ അന്യോന്യം പറഞ്ഞുറപ്പിക്കുക.
- പരീക്ഷയ്‌ക്ക് മുൻപുള്ള കൂൾ ഓഫ് ടൈമിൽ നേരത്തെ സൂചിപ്പിച്ചത് പോലെ രണ്ട് മിനിറ്റെങ്കിലും കണ്ണടച്ച്, ശരീരത്തെയും മനസ്സിനെയും ശാന്തമാക്കി, പഠിച്ച എല്ലാ കാര്യങ്ങളും നല്ല പോലെ ഓർമ്മ വരുന്നതായും, ശാന്തമായിരുന്ന് പരീക്ഷ എഴുതുന്നതായും സങ്കൽപ്പിച്ച് ഉറപ്പിച്ചതിന് ശേഷം ചോദ്യക്കടലാസ് വായിച്ച് തുടങ്ങുക.
- ചോദ്യക്കടലാസ് വളരെ ശാന്തമായി വായിച്ചു നോക്കുക. ഓരോ ചോദ്യം വായിക്കുമ്പോഴും "ഇതെനിക്ക് നന്നായി അറിയുന്നതാണല്ലോ" എന്ന് മനസ്സിൽ ഉരുവിടുക.
- ഏറ്റവും എളുപ്പമുള്ളതും, അതേ പോലെ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്നതുന്നതുമായ ചോദ്യങ്ങളിൽ നിന്നും ഉത്തരമെഴുതിത്തുടങ്ങാം.
- മാർക്കനുസരിച്ച് ഓരോ ചോദ്യവും ഇത്ര മിനിറ്റിനുള്ളിൽ എഴുതി തീർക്കണമെന്ന് ഉറപ്പിച്ച ശേഷം എഴുതാൻ തുടങ്ങുക. പോയിന്റുകൾ ആദ്യം കുറിക്കുക. ആവശ്യമുള്ള സ്ഥലങ്ങളിൽ അടിവരയിടുക.
- നിശ്ചിത സമയത്തിന് പത്ത് മിനിറ്റ് മുൻപെങ്കിലും പരീക്ഷയെഴുതി തീർക്കാൻ ശ്രമിക്കുക. ഉത്തരക്കടലാസ് ഒന്നുകൂടി ഓടിച്ചുനോക്കാനും ഒന്നും വിട്ടുപോയിട്ടില്ലെന്ന് ഉറപ്പിക്കാനും സഹായിക്കും.
- എഴുതിക്കഴിഞ്ഞ പരീക്ഷയെ കീറിമുറിച്ച് വിശകലനം ചെയ്യാതിരിക്കുക. അത് മാറ്റി വച്ച് ആത്മവിശ്വാസത്തോടെ അടുത്ത പരീക്ഷയ്ക്ക് തയ്യാറെടുക്കുക.
ടെൻഷനിൽ മുന്നിൽ ആൺകുട്ടികൾ
അങ്ങനെ കാത്തുകാത്തിരുന്ന പരീക്ഷക്കാലമിങ്ങെത്തി. ഇനി ചൂടിനൊപ്പം കൂടും ടെൻഷനും. അതിന് ആൺ-പെൺ വ്യത്യാസമില്ലെന്നത് ഇതുവരെയുള്ള അനുഭവം. എന്നാൽ ഇത്തവണ ചരിത്രം തിരുത്തേണ്ടി വരുമെന്ന് കണക്കുകൾ. കൗൺസലിങ് സെന്ററുകളിൽ ഈ പരീക്ഷക്കാലത്തെത്തിയ ഫോൺ കോളുകളിൽ മുക്കാൽ പങ്കും ആൺകുട്ടികളുടേതാണെന്നാണ് ഇവർ പറയുന്നത്. എന്നാൽ രക്ഷിതാക്കൾക്കൊപ്പം നേരിട്ട് കൗൺസലിങ്ങിനെത്തുന്നവരിൽ കൂടുതൽ പെൺകുട്ടികളാണ്.
പരീക്ഷാ പേടിയും സമ്മർദ്ദവും തന്നെയാണ് പ്രശ്‌നങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്. പഠിച്ചത് ഓർമ നിൽക്കുന്നില്ല, എഴുതുമ്പോൾ ഓർമ കിട്ടുമോ, പരീക്ഷയിൽ തോൽക്കുമോ തുടങ്ങിയ ഉത്കണ്ഠകളാണധികവും. മാനസിക സമ്മർദ്ദം മൂലം ക്ഷീണമനുഭവിക്കുന്നവരും കുറവല്ല. പണ്ടത്തെ പോലെ രക്ഷിതാക്കളെ പഠനകാര്യത്തിൽ കുട്ടികൾ ഭയക്കുന്നില്ല. എങ്കിലും രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള സമ്മർദ്ദം ഇവരെ ഊടുത്താൽ ഉത്ക്കണ്ഠപ്പെടുത്തുന്നുണ്ട്. ചിലരെങ്കിലും തങ്ങളുടെ ബുദ്ധിമുട്ടുകൾ രക്ഷിതാക്കൾക്ക് മനസ്സിലാകുന്നില്ലെന്നും സമ്മതിക്കുന്നു.
എന്തുതന്നെയായാലും പരീക്ഷ നേരിട്ടേ പറ്റൂ. അതിനായി മനസ്സിനെ ഒരുക്കുക തന്നെയാണ് ടെൻഷൻ അകറ്റാനുള്ള ഏറ്റവും നല്ല പ്രതിവിധി. കുട്ടിക്ക് ഉത്ക്കണ്ഠ കൂടുതലെങ്കിൽ പിന്തുണയുമായി കൂടെയുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താൻ രക്ഷിതാക്കൾ ശ്രമിക്കണം. ആത്മവിശ്വാസം കൂട്ടാൻ വീട്ടിൽ മാതൃകാ പരീക്ഷകൾ നടത്താം. ആവശ്യമെങ്കിൽ ടൈം മാനേജ്മെന്റിലും രക്ഷിതാക്കൾക്ക് സഹായം നൽകാം.
- മാതൃഭൂമി ദിനപ്പത്രം - 2012 മാർച്ച് 13